മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉടന്‍ 120
|
അടിയാക്കണം : മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു നില്ക്കുകയും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 26 തവണ ഭൂചലങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ജലനിരപ്പ് 120 അടിയിലേക്കു കുറച്ചുകൊണ്ടു വരാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. മുല്ലപ്പെരിയാര്‍ മേഖലയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതിയിലും എംപവേര്‍ഡ് കമ്മറ്റിയിലുമുള്ള നിയമപരവും സാങ്കേതികവുമായ തര്‍ക്കങ്ങള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ കാത്തുനില്‍ക്കാതെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജലനിരപ്പ് കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തമിഴ്നാടിന് നിലവിലുള്ള തോതില്‍ തന്നെ വെള്ളം ലഭിച്ചുകൊണ്ടിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരളത്തിലെ ജനങ്ങളുടെ പരിഭ്രാന്തി പരിഗണിച്ച് ജലനിരപ്പ് എത്രയും വേഗം താഴ്ത്തണം. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ ഇതു കേരളത്തിന് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ കേരളത്തിന് എക്കാലവും ഉത്കണ്ഠ നല്‍കിയിട്ടുണ്ട്. ഡാമിന്റെ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളും ഉയര്‍ന്ന ജലനിരപ്പും മൂലം ജനങ്ങളുടെ ഉത്കണ്ഠ പരിഭ്രാന്തിയായി വളര്‍ന്നിരിക്കുകയാണ്. 2011 ജൂലൈയ്ക്ക് ശേഷം മാത്രം 26 തവണ അവിടെ ഭൂചലനങ്ങള്‍ ഉണ്ടായി. അതിന്റെ വിശദാംശങ്ങള്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 3.8 വരെ ഉള്ള ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ ആറിന് മുകളിലുള്ള ഭൂചലനമുണ്ടായാല്‍ ഡാമിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് റൂര്‍ക്കി ഐ.ഐ.റ്റി യുടെ പഠനം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഡാമിലെ ജലനിരപ്പ് 136 അടി ആയി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ എക്കാലത്തേയും നിലപാട്. വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴമൂലം ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കവിഞ്ഞിരിക്കുന്നു. ഈ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാമിന്റെ മുകള്‍ഭാഗം തകര്‍ന്ന് അപകടം ഉണ്ടാകുമെന്ന് ഡല്‍ഹി ഐ.ഐ.റ്റിയുടെ പഠനവും മുന്നറിയിപ്പ് നല്‍കുന്നു. മുല്ലപ്പെരിയാര്‍ ഡാം മേല്‍പ്പറഞ്ഞ കാരണത്താല്‍ തകര്‍ന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളെ അത് അതീവ ഗുരുതരമായി ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും ഭയപ്പെടുന്നു. ഇത്രയും ഭീമാകാരമായ അപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നിശബ്ദമായിരിക്കാന്‍ കഴിയില്ല. ദുരന്തം സംഭവിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പു നല്‍കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
|
Thursday, December 1, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment